ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ ഭാഗം 2 (2024-25)
ജൈവവൈവിധ്യ സംരക്ഷണം നടപ്പിലാക്കുക ,ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗം പ്രത്സാഹിപ്പിക്കുക,അവയുടെ ഉപയോഗത്തില്‍ നിന്നും ലഭ്യമാകുന്ന പ്രയോജനങ്ങളുടെ നീതിപൂര്‍വ്വമായ പങ്കുവെയ്ക്കല്‍ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി 2002 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ് ജൈവവൈവിധ്യ നിയമം.തുടര്‍ന്ന് 2004 ല്‍ കേന്ദ്ര ജൈവവൈവിധ്യ നിയമം രാജ്യത്ത് നടപ്പിലാക്കുന്നത്.ദേശീയ തലത്തില്‍ ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംസ്ഥാന തലത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പ്രാദേശിക തലത്തില്‍ ബിഎംസികളും ഉള്‍പ്പെടുന്നതാണ് ജൈവവൈവിധ്യ നിയമ നിര്‍വ്വഹണ സംവിധാനം.
ഒരു പ്രദേശത്തെ ജൈവവിഭവങ്ങളെക്കുറിച്ച് അവിടുത്തെ ജനങ്ങള്‍ക്കുള്ള അറിവുകളും അവര്‍ നൂറ്റാണ്ടുകളായി പ്രകൃതിയുമായുള്ള നിരന്തര ഇടപെടലുകളിലൂടെ ആര്‍ജ്ജിച്ച നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രഥമ ഉദ്ദേശം.പ്രാദേശിക തലത്തില്‍ വിഭവ സമാഹരണം നടത്തുന്നതിന് വികസന പദ്ധതിള്‍ ആസൂത്രണം ചെയ്യുന്നതിനും ഇത്തരം രജിസ്റ്ററുകള്‍ അടിസ്ഥാന രേഖയാണ്.പ്രാദേശിക തലത്തില്‍ ജൈവവൈവിധ്യത്തെ സംബന്ധിക്കുന്ന പ്രദേശവാസികളുടെ അറിവുകള്‍ അവരിലൂടെ രേഖപ്പെടുത്തുകയാണ് പിബിആര്‍ തയ്യാറാക്കലിലൂടെ നടപ്പിലാക്കിയിട്ടുള്ളത്.നിലവിലെ പിബിആറിലെ ന്യൂനതകളും വിവരങ്ങളുടെ അഭാവങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിനോടൊപ്പം,കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള പ്രതിഭാസത്തിന്റെ പരിണിതഫലമായുള്ള പ്രളയം,വരള്‍ച്ച,ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം നമ്മുടെ പരിസ്ഥിതി-ജൈവ-ആവാസ വ്യവസ്ഥകള്‍ക്കുണ്ടായ മാറ്റങ്ങള്‍ സംബന്ധിക്കുന്ന വിവരങ്ങളും പ്രാദേശിക തലത്തില്‍ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ ജൈവവൈവിധ്യ രജിസ്റ്റര്‍.